വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്; നഗരത്തില്‍ കനത്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുറമുഖത്തില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ പ്രധാനമന്ത്രി ഔദ്യോഗികമായി തുറമുഖം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, മന്ത്രി വി.എന്‍. വാസവന്, ശശി തരൂര്‍ എംപി, അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് 7-50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നേരേ രാജ്ഭവനിലേക്ക് തിരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30ന് രാജ്ഭവനില്‍നിന്ന് പാങ്ങോട് സൈനിക കേന്ദ്രത്തിലേക്ക് യാത്ര തിരിക്കും. പിന്നീട് ഹെലികോപ്റ്റര്‍ വഴി വിഴിഞ്ഞത്തെത്തും. രാവിലെ 10.30ന് പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിക്കുകയും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ പാങ്ങോട്ട് എത്തി രാജ്ഭവനിലേക്ക് തിരിക്കും. പിന്നീട് 12.30ന് ഹൈദരാബാദിലേക്കുപോകും. മോദിയുടെ സന്ദര്‍ശനത്തെ മുന്നില്‍ കണ്ടു നഗരത്തില്‍ കനത്ത സുരക്ഷാ ഒരുക്കങ്ങള്‍ നിലവിലുണ്ട്.